ഒരു പഴുത്ത പ്ലാവിലയുടെ കഥ.....

       എനിക്ക് എങ്ങനെ വിട ചോദിക്കുവാൻ കഴിയും...!ഇനിമേൽ നിനക്കെന്നെ ആവശ്യമില്ലെന്നു അത്രമേൽ അറിഞ്ഞിട്ടും....വസന്തത്തിന്  ഇല കൊഴിയുന്നത് ഇന്നോ ഇന്നലെയോ തൊട്ടല്ല ..ഇല കൊഴിയുന്ന കണ്ടും മരം നീലാകാശത്തിലേക്ക് തല ഉയർത്തി പിടിച്ച് തന്നെ നിന്നു. നീ തളിരിട്ടത്‌ മുതൽ നിനക്കെകേണ്ടതെല്ലാം തേടി നൽകി, ഭൂമിയിൽ നിന്ന് വെള്ളം വലിച്ചെടുത്തു, പോഷക മൂല്യങ്ങൾ നേടി തന്നു; ഇതെല്ലാം കൃതാർത്ഥത മാത്രമാണെന്ന് പറയുന്നു മരം.....കൊഴിയുന്ന ഇല കണ്ട് കരയുന്നില്ല... പഴുത്ത പ്ലാവില വീഴുന്നത് കണ്ട് പുത്തൻ പ്ലാവില കരയേണ്ടെന്ന പുതുഞ്ചൊല്ല്‌ മരമുത്തശ്ശി കാറ്റിന് ഓതി കൊടുക്കുന്നുണ്ട്... ഓരോ വർഷവും, ഈ ഇലകളിലും, ചെരിപ്പ് പതിഞ്ഞ്, മണ്ണിൽ അലിഞ്ഞ് ചേരാരെ ഉള്ളൂ...ചില ഓർമ്മകൾ പോലെ...പുതുനാമ്പുകൾക്കായി ജീവിക്കുന്ന തിരക്കിലാണ് ഈ വന്മരം ; ആരോട് പറയാൻ.....ആര് കേൾക്കാൻ.....ഞങ്ങൾ പോവുകയാണെന്ന്....
        വിവിധ ശാഖകളിലായി ഒരുപാട് ഇലകൾ തളിരിട്ടത് ഒരുമിച്ചായിരുന്നു; അതിൽ ചിലത് പൂവിട്ടു...കായ്ച്ചു...അതിൻ്റെ ഫലം ആവോളം നുകരാൻ പക്ഷികളെന്നവണ്ണം വഴിയാത്രയകരും ഏറെയെത്തി... ചില്ലകളെല്ലാം സൂര്യനെ തേടി നാനാഭാഗത്തേക്കും പടർന്നു പന്തലിച്ചു..അപ്പോളും നാം എല്ലാം ഒന്നാണെന്ന് ഓർമ്മിപ്പിച്ചു കൊണ്ട്, ചുറ്റി പിണഞ്ഞ് കിടന്നിരുന്ന വള്ളികൾ, ഉറുമ്പുകൾക്കായി അന്തർശാഖാ സഞ്ചാരപാതകൾ തുറന്നിട്ട് കൊടുത്തു.. അതെ ! നാം എല്ലാം ഒന്നായിരുന്നു...അല്ലെ!? അമ്മക്ക് എല്ലാം തൻ്റെ പൊന്നുണ്ണികളായിരുന്നു..എന്നിട്ടുമെന്തേ ഇപ്പോൾ തള്ളക്കോഴി കൊത്തി ആട്ടും പോലെ, ഈ കപടമായ ലോകത്തേക്ക് ഞങ്ങളെ ഇറക്കി വിടുന്നു! തെല്ല് ഭയമുണ്ട്... ഇവിടെ ചുറ്റിലും തണലേകി ,ഏവർക്കും സന്തോഷം പകർന്ന്, കാറ്റിലാടി തിമിർത്താൽ മതിയായിരുന്നു...ഇനി എന്ത്?!  സ്വപ്നങ്ങൾക്കായി പയറ്റേണ്ടത് പുതുലോകത്താണ്..അവിടെ നമുക്കായി നമ്മൾ മാത്രാമാണുള്ളത്... ലോകം കീഴടക്കാനാണോ ഞങ്ങളെ തയ്യാറാക്കി വിടുന്നത്? അതോ ഈ ലോകത്തെ പഠിക്കാനോ..? പൂ കൊഴിച്ച കാറ്റിനെയും കൊത്തിയ കിളികളെയുമൊന്നും പഴിക്കരുതെന്നു പഠിപ്പിച്ചു...എന്നാൽ ഇതിനുത്തരം ആര് നൽകും???
        കാറ്റിനെയും മഴയെയുമെല്ലാം പേടിച്ച്, ഈ ഭാരം താങ്ങാനാവുമോ എന്നറിയാതിരുന്ന തളിർക്കാലം..എന്നാൽ കാറ്റിൽ നൃത്തമാടുന്നതിൻ്റെയും മഴയത്ത് നനയുന്നതിൻ്റെയും ആ കല സ്വായത്തമാക്കിയതോടെ അങ്ങെവിടെയോ ആയി സന്തോഷം കൊണ്ടൊരു ചിരി പൂവിട്ടു.. തണ്ട് ഭലം വച്ച് തുടങ്ങിയ കാലം...തന്നെ തോൽപ്പിക്കാൻ ആരും ഇല്ലെന്ന തോന്നൽ... എന്തും ഏറ്റെടുക്കാൻ ശക്തിയുള്ള കൗമാരം...പുലർച്ചെ പെയ്ത മഞ്ഞുതുള്ളി വെയിൽ അടിച്ചപ്പോൾ വല്ലാതെ തിളങ്ങുന്നു...ചില്ല ഏത് ദിശയിലേക്ക് വളരണം എന്ന് പോലും തീരുമാനിച്ചിരുന്നത് ഈ ഇലകളാണ്..സൂര്യനെ തിരിച്ചറിയാനുള്ള വൈഭവം പൂക്കൾക്കും പഴങ്ങൾക്കും അല്ലല്ലോ കിട്ടിയത്...അത് പാവം ഇലകൾ ചെയ്ത് കൊള്ളട്ടെ... താൻ പ്രകാശസംശ്ലേഷണം വഴി ഉണ്ടാക്കിയ അന്നം കൊണ്ടാണ് മരം തഴച്ചു വളർന്നതെന്ന പാഴ്‌ചിന്തകൾ... ശരിക്കും ഒരു വസന്തകാലം.. ഈ വളർച്ചയിലൂടെയും, പ്രായം ഏറുന്ന മുറക്ക് മരത്തിനു തന്നോട് താല്പര്യം കുറയുന്നുണ്ടോ എന്നാണ് സംശയം...താൻ തണലേകി തളിരിട്ട ഇലകളെല്ലാം ഇപ്പോൾ വളർന്നിരിക്കുന്നു...അവരുടെയെല്ലാം നോട്ടത്തിലെ ആ കൃതജ്ഞത മാത്രമാണ് ഇപ്പോളുമുള്ളത്...ഒന്നും പ്രതീക്ഷിച്ച് ചെയ്‌തതല്ലെങ്കിലും ഇവരെങ്കിലും തങ്ങൾക്കായി ഉണ്ടെന്നു അറിയുമ്പോൾ ഇപ്പോളും ഓർമ്മകൾക്ക് പുതുജീവൻ തുടിക്കുന്നു....
      ഈ ഉയരത്തിൽ  നിന്നാണ് ഞാൻ ലോകം കണ്ടത്.. കണ്ടതെല്ലാം സത്യമോ മിഥ്യയോ എന്ന് ഇനിയും പറയാറായിട്ടില്ല.. എങ്കിലും! കണ്ടു! കണ്ണ് നിറയെ!!!
മനസ്സ് നിറയെ!!! പല ചില്ലകളിലെ ചിലയിലകൾക്ക് ഒരേ നിറമായിരുന്നത്രെ..
മരത്തിൻ്റെ ഈ ക്രൂരവിനോദത്തിലും ആ ഇലകളെ ഭൂമിയുടെ പരപ്പിൽ ഒന്നിപ്പിച്ച് കാറ്റ് ആശ്വാസ വാക്കിന് പകരം ഒരു നിഗൂഢ പുഞ്ചിരി സമ്മാനിച്ചു..ഒരു പാലക്കാടൻ കാറ്റിനും വെയിലിനും ഈ മരത്തെ തകർക്കാനാവില്ല....അത്രമേൽ കുളിരണിയിക്കുന്ന സൗഹൃദപൂമഴ എന്നും നിന്നെ തണുപ്പിക്കും..ചുമരിൽ കോറിയിട്ട ചിത്രങ്ങളായോ മനസ്സിൽ കുത്തിവരച്ചിട്ട ഓർമ്മകളായോ കുറച്ച് കാലം മായാതെ നിൽക്കട്ടെ ഈ ഇലകൾ... സ്വന്തം 'അമ്മ ഒന്നുറക്കെ വിളിച്ചാൽ എത്രെ ദൂരെയെങ്കിലും മക്കൾ തേടിപിടിച്ചെത്തുമെത്രെ..കപടലോകത്തെ പൊരിച്ചിലിലും, ഏത് പേമാരിയിലും, ആ നേർത്ത ശബ്ദം കാതിൽ ഇടിമുഴക്കമാവട്ടെ...!
       ശരിയാണ് ...നിൻ്റെ കടമ നീ ഭംഗിയായി തീർത്തിരിക്കുന്നു... നിനക്ക് നഷ്ടപ്പെടുവാൻ ഇവിടെ ഒന്നുമില്ല...എത്ര ശ്രമിച്ചിട്ടും നിന്നെ തള്ളി പറയാൻ ആവുന്നുമില്ല..എങ്കിലും....ഞാൻ വിട ചോദിക്കുന്നില്ല...ഇനിമേൽ നിനക്കെന്നെ ആവശ്യമില്ലെന്നു അത്രമേൽ അറിഞ്ഞിട്ടും...
ഈ ശിശിരത്തിൽ വിറങ്ങലിച്ച് നിൽക്കുമ്പോളും, എനിക്ക് പിടിച്ച് നിൽക്കുവാൻ, തീച്ചൂളയായി, ഇവിടുത്തെ ഓർമ്മകളും, അനുഭവങ്ങളും, വീക്ഷണങ്ങളും, ആവോളമുണ്ട്...












Comments

Popular posts from this blog

You.....Me....&...Him