ടിയാൻ - മേൽ പറയാതെ പറഞ്ഞ...നിഷ്കളങ്കത ഭാഷ്യങ്ങൾ
ഇന്നസെൻറ് ഫാഷിസം എന്നൊരു പദം കൊണ്ട് മാത്രമേ ഈ സിനിമ വിശേഷിപ്പിക്കാൻ കഴിയുള്ളൂ. തീവ്ര ഹിന്ദുത്വവാദം പിടി മുറുക്കുന്ന ഈ വേളയിൽ അതിൻ്റെ നിഷ്കളങ്കത അല്ലാതെ മറ്റൊന്നും പ്രേക്ഷകരിലേക്ക് എത്തിക്കാൻ സംവിധായകൻ ശ്രമിച്ചതായി കാണുന്നില്ല. ചിത്രത്തിൽ ഉടനീളം വൈരുധ്യങ്ങൾ കൊണ്ട് ന്യായീകരിക്കുന്നതും സംസ്‌കാരം എന്ന വാദം അടിച്ചേൽപ്പിക്കുന്നതുമാണ് ഓരോ രംഗങ്ങളും. വലതുപക്ഷത്തെ ആഘോഷിക്കുന്നതിനു കൂടെ തന്നെ ആവേശ ഫാക്ടറികളെ കൊണ്ട് കയ്യടിപ്പിക്കാനും ശ്രദ്ധിക്കുന്നു ചിത്രം. മാർക്കറ്റിങ് സാദ്ധ്യതകൾ പരമാവധി ഉപയോഗിച്ചും പൊതുബോധങ്ങളെ ആവേശം കൊള്ളിച്ചും വലിയൊരു പുകമറ സൃഷ്ടിക്കാൻ സിനിമക്ക് കഴിഞ്ഞിട്ടുണ്ട്. കൃത്യമായ ടാർഗറ്റ് ഓടിയൻസ് ഉള്ള ഈ ചിത്രത്തെ അൺപൊളിറ്റിക്കൽ എന്നല്ല വിശേഷിപ്പിക്കേണ്ടത്, മറിച്ച് അറ്റ് മോസ്റ്റ് പൊളിറ്റിക്കൽ എന്നാണ്. മെക്സിക്കൻ അപരത കണ്ട് ഇതാണ് കമ്മൂണിസം എന്ന് പുളകം കൊണ്ടവർ, ചെ ഗുവേരയുടെ ചിത്രം കണ്ടാൽ മുദ്രാവാക്യം വിളിച്ചവർ, ഈ ചിത്രം കണ്ട് ഇതാണ് മതേതരത്വം എന്ന് പറയുന്നതിൽ അത്ഭുതങ്ങളില്ല . ഹിന്ദു സന്യാസി അള്ളാഹു അക്ബർ എന്നും ഒരു മുസൽമാൻ ജയ് ശ്രീറാം എന്നും പറയുമ്പോൾ ഉണ്ടാകുന്നതാണ് മതേതരത്വം എന്നും ഇതാണ് ഭാരതത്തിൻ്റെ പാരമ്പര്യം എന്നും പറയുന്നത് കേവലം സിനിമയുടെ കച്ചവടതാല്പര്യം മാത്രമല്ല അതിലുപരി പറഞ്ഞുറപ്പിക്കുന്ന ചിലതാണ്.
വൈരുധ്യങ്ങളുടെ ഒരു നീണ്ട പട്ടിക കാണാം നമുക്ക് ചിത്രത്തിൻ്റെ സഞ്ചാരദശയിൽ. ഒരറ്റത്തു ആൾദൈവങ്ങൾ ഭൂമാഫിയ ആണെന്നും, ദിവ്യ ശക്തി എന്നൊന്ന് ഇല്ലെന്നും കച്ചവടത്തിനും അഴിമതിക്കും കുടപിടിക്കൽ ആണെന്നും പറയുമ്പോളും മറു വശത്തു പണ്ട് യോഗ ഉപയോഗിച്ച് കയ്യിൽ നിന്ന് തീ വരുത്തിയിരുന്ന ആൾദൈവങ്ങൾ ശാസ്ത്രത്തിനു അതീതമാണ് എന്ന് പറയുന്നത് നിഷ്കളങ്കത ആയ കാണാൻ കഴിയില്ല. അവസാന ഭാഗത്തിൽ നായകൻ തന്നെ ആൾദൈവം ആയി മരിച്ച കുഞ്ഞിന് ജീവൻ നൽകുന്നത് സാമാന്യയുക്തിക്ക് ഒരു തരത്തിലും യോജിക്കാൻ കഴിയാത്തതാണ് . ജാതി എന്നത് ദൈവവചനങ്ങൾക്കിടയിൽ മനുഷ്യൻ എഴുതി ചേർത്തതാണ് എന്ന് പറയുന്ന നായകൻ അല്പസമയത്തിനു ശേഷം, പൂണൂൽ കാണിച്ച്, ശക്തമായ പശ്ചാത്തലസംഗീതത്തിൽ, ഞാൻ ഒരു ബ്രാഹ്മണൻ ആണ്, എന്നെ ദ്രോഹിച്ചാൽ നരകം ആണ് ഫലം എന്ന് പറയുന്നതിലെ ഔചിത്യം വിചിത്രം തന്നെ. ഇവിടെ കടലാസുകൾ ഇല്ലാത്തവർക്കും നായരും നമ്പൂരിയും അല്ലാത്തവർക്കും ആളുണ്ട് എന്ന് പരാമർശിക്കുന്ന മാവോയിസ്റ്റ് പ്രസ്ഥാനത്തെ, കടയുടെ പേര് നോക്കി മേൽജാതിക്കാരെ ഉപദ്രവിക്കുന്ന രീതിയിൽ കോമാളി ആക്കിയാണ് ചിത്രീകരിച്ചിരിക്കുന്നത്. ബീഫ് പോലെ ഇന്ന് സംഘപരിവാർ ഏറ്റവും കൂടുതൽ ആക്ഷേപം നേരിടുന്ന വിഷയങ്ങളിലെ വിമർശനം നിലനിൽക്കുമ്പോളും വെള്ളത്താടികാരനെ കൈ നീട്ടി അടിച്ചതും, 'മറ്റവ'നെ നഷ്ടപരിഹാരം ഒന്നും കൊടുക്കാതെ ദ്രോഹിച്ച് സ്വന്തം സ്ഥലത്തു നിന്ന് പറഞ്ഞയക്കുന്നതും ,സർക്കാർ ഉദ്യോഗസ്ഥനായ അഭ്യസ്തവിദ്യനായ അച്ഛൻ സ്വന്തം മകനെ ബീഫ് കഴിച്ചതിനു ഗുണദോഷിക്കുന്നതും പ്രതീകാത്മകം ആണ്.
കർമ്മം എന്ന ആശയം ഉയർത്തി പിടിച്ചാണ് ചിത്രം രൂപം കൊള്ളുന്നത്. തനിക്ക് എന്തൊക്കെ നഷ്ടം വന്നാലും, അക്രമത്തിലേക്ക് തിരിയേണ്ടി വന്നാലും, കർമ്മം ഉയർത്തിപ്പിടിക്കാൻ പറയുമ്പോൾ, മനുഷ്യൻ ജീവിക്കേണ്ടത് തൻ്റെ ഇച്ഛകൾക്കനുസരിച്ചും തൻ്റെ ശരികളിലും അല്ല, മറ്റാരുടെയോ പാത്രമായെന്നാണ് അടിവര ഇടുന്നത്. ഗോരക്ഷകർ എന്ന പേരിൽ മനുഷ്യനെ കൊല്ലുന്ന കൂട്ടരും ഈ പറഞ്ഞ ന്യായങ്ങൾ ആണ് ഉയർത്തുന്നത് എന്നത് ആശങ്കാജനകം ആണ്. സാങ്കേതിക തികവ് എന്നും ഛായാഗ്രഹണ മികവ് എന്നൊക്കെ പറയുമ്പോളും ചിത്രത്തിലെ പല രംഗങ്ങളും സംഭാഷണങ്ങളും സാന്ദർഭിക പ്രസക്തി ഇല്ലാത്തതും തുന്നി ചേർത്തതുമാണെന്നു പറയാതെ വയ്യ. പുനർജന്മം, ആർഷഭാരത സംസ്കാരം തുടങ്ങിയവയെ കൂട്ട് പിടിക്കുന്ന ചിത്രം പറയാതെ പറയുന്ന കാര്യങ്ങൾ ഒന്ന് തന്നെ ആണ്. പുറമെ എടുത്തുകാണിക്കുന്ന ഗോരക്ഷ, ബ്രാഹ്മണ അപ്രമാദിത്തം പോലെ ഉള്ള വിഷയങ്ങളിൽ ഒതുങ്ങുന്ന ഒന്നല്ല സംഗപരിവാർ അജണ്ടകൾ എന്നും, അതിനു ചരിത്രത്തിൻ്റെ മേമ്പൊടിയും ദൈവത്തിൻ്റെ കയ്യൊപ്പും സംസ്കാരത്തിൻ്റെ തലോടലും എല്ലാം ഉണ്ട് എന്ന നിഷ്കളങ്ക സമീപനം ആണ് സിനിമ മുന്നോട്ട് വെക്കുന്നത്. ഈ മാന്യതാമുഖംമൂടി അണിയലിനെ ചിത്രീകരണ മികവ് എന്ന നിലയിൽ ലഘൂകരിക്കുന്നത് ഒരു സിനിമക്ക് ജനങ്ങളിൽ ഉണ്ടാക്കാൻ കഴിയുന്ന ഇടപെടലിനെ നിസ്സാരവൽരിക്കലാണ് എന്ന് മാത്രം ഓർമപ്പെടുത്തുന്നു.
~ ദീപക് എ
~ ദീപക് എ

Comments
Post a Comment