ആ.ഭാ.സ. ത്തിൻ്റെ കൂടെ
മനുഷ്യൻ ഇന്നീ കാണുന്ന നിലക്ക് ഭൂമിയിൽ അധിവസിക്കാൻ തുടങ്ങിയിട്ട് ഏകദേശം 10000 വർഷങ്ങൾ ആയത്രേ.. അതിൽ ഒരു 5000 വർഷത്തെ ചരിത്രം പല രൂപങ്ങളിൽ ആയി നമുക്ക് ലഭ്യമാണ്. പാശ്ചാത്യ ലോകം മുഴുവൻ മതാന്ധതയിലും യുദ്ധങ്ങളിലും മുഴുകി മനുഷ്യവംശത്തെ പിന്നോട്ടടിച്ചിരുന്ന സമയത്തു ശാസ്ത്രത്തെ മുറുകെ പിടിച്ചു വിജ്ഞാനകുതുകികളായി അന്വേഷണങ്ങളിലൂടെ മാത്രം ചുറ്റുമുള്ളതിനെ കണ്ടറിഞ്ഞ അഭിമാനിക്കാവുന്ന ഒരു പൗരസ്ത്യ കാലഘട്ടം നമുക്കുണ്ട്. ഇറാഖ് ,മറ്റു അറബ് രാജ്യങ്ങൾ, ഭാരതം, ചൈന, ഗ്രീസ് അടങ്ങിയ പ്രദേശങ്ങൾ ശാസ്ത്രബോധത്തിൽ പിന്നിൽ പോയത് മനുഷ്യചരിത്ര സമയസൂചികയിലെ അവസാന ഭാഗത്തു മാത്രമാണെന്നത് കാണാനാവും. ആ കാലത്തെ ആ.ഭാ.സ. ത്തിൻ്റെ തേരോട്ടത്തിലേയ്ക്കാണ് നമ്മൾ ഒന്ന് കണ്ണെറിയാൻ പോവുന്നത്.
ബിസി 3000 കാലത്ത് സിന്ധുനദിതടസംസ്കാരം ലോകത്തെ ആദ്യത്തെ ആസൂത്രിത നഗരത്തിൻ്റെ മേന്മയുമായി നില കൊള്ളുന്നു. ഓരോ നഗരത്തിലെയും പ്രധാന കെട്ടിടങ്ങളെല്ലാം വെള്ളപ്പൊക്കത്തെ അതിജീവിക്കാൻ തരത്തിൽ ഉയർന്ന പ്രദേശത്തു സ്ഥാപിച്ച് , ലംബമായ റോഡുകളിൽ സമാനമായ വീടുകൾ നിർമ്മിച്ച് , അവയിൽ നിന്നെല്ലാം ഒഴുകുന്ന അഴുക്കു വെള്ളം തരംതിരിച്ച് ശേഖരിച്ചു സംസ്കരിച്ച് , ചുട്ട ഇഷ്ടിക ഉപയോഗിച്ച് പോന്നിരുന്നു ഈ കൂട്ടർ. ഇന്ന് ഏറിയ പങ്കും പാകിസ്ഥാനിൽ കിടക്കുന്ന സിന്ധു നടിയുടെയും മറ്റു കൈവരികളുടെയും തീരത്ത് വളരെ ആധുനികമായി ജീവിച്ചു അതിശയിപ്പിച്ചവർ. മാർക്സ് മുള്ളർ സിദ്ധാന്ത പ്രകാരം ആര്യൻ അധിനിവേശത്തോടെ ഇവിടങ്ങളിൽ കഴിഞ്ഞിരുന്ന ദ്രാവിഡർ ദക്ഷിണ ഭാരതത്തിലേക്ക് ചേക്കേറി. കലാ സാംസ്കാരിക ശാസ്ത്രരംഗത്ത് മുന്തി നിന്നിരുന്ന, ഇന്നേ വരെ ലഭിച്ച തെളിവ് പ്രകാരം മനുഷ്യന്റെ ആദ്യ നഗര വിപ്ലവം.
പരിണാമപ്രക്രിയയിൽ മനുഷ്യമസ്തിഷ്‌കം വികസിച്ചപ്പോൾ ചിത്രലിപികൾ മറഞ്ഞ് സംസ്‌കൃത ഭാഷ രൂപം കൊണ്ട കാലം. നദീതടങ്ങളിൽ ഇരുന്നു ആര്യന്മാർ വേദങ്ങൾ എഴുതുന്നു. കാലഘട്ടം ബിസി 1500 -1000 . ഈ കാലത്തെ ആ.ഭാ.സ. ത്തിനുമുണ്ട് ഏറെ വിശേഷം. റിപ്പബ്ലിക്ക് ഭരണവ്യവസ്ഥ ആയിരുന്നു ഇവർ കൈക്കൊണ്ടു പോന്നിരുന്നത്. തിരഞ്ഞെടുക്കപ്പെട്ട തലവന്മാർ ആയിരുന്നു ഓരോ വിഭാഗത്തിനും. വിദ്യാഭ്യാസം ലഭിക്കുന്നതിന് സ്ത്രീ പുരുഷ ഭേദമില്ല. ഏറെ പ്രാകൃതം എന്ന് വിശേഷിപ്പിക്കുന്ന സതി പോലുള്ള ദുരാചാരങ്ങൾക്കോ മുഖം മറയ്ക്കപ്പെട്ട സ്ത്രീകൾക്കോ പകരം ഇവിടെ ഭരണത്തിൽ പങ്ക് കൊണ്ടിരുന്ന സ്ത്രീ പ്രാധിനിത്യം ഉള്ള വിദാധ സഭകളായിരുന്നു.
ഇരുമ്പ് സാർവ്വത്രികമായി, കാടുകൾ വെട്ടി തളിച്ച് , കൃഷി ചെയ്തു മനുഷ്യൻ സ്ഥിര ആവാസം തുടങ്ങുന്നതിനു മുന്നേ ഉള്ള കാലം ആണിത്. ആയുധങ്ങൾ വച്ചു യുദ്ധം ചെയ്തിരുന്ന ദൈവങ്ങൾ ഒക്കേ ജനിക്കും മുന്നേ, ആടയാഭരണങ്ങൾ ഒന്നും ഇല്ലാത്ത കാലത്തു , മൃഗത്തോൽ ധരിച്ചിരുന്ന ദൈവത്തിൻ്റെ കാലം ആണിത് . കാലി മേയ്ച്ച് നടന്നിരുന്ന, ഒരു സ്ഥലം വിട്ടു മറ്റൊന്നിലേക്ക് മാറി മാറി താമസിച്ചിരുന്ന ലോകത്ത്, സ്ഥിരമായി ഒരു വാസസ്ഥലം ഇല്ലാത്തപ്പോൾ , പിന്നീട് രൂപം കൊണ്ട ഒരു രാജ്യാതിർത്തിയിൽ ജീവിച്ചിരുന്നവർക്ക് മാത്രം ബുദ്ധി കൂടുതൽ ആയതെങ്ങനെ എന്ന ചോദ്യം ഒന്നും ചോദിക്കരുത് .
പിന്നീടുള്ള 400 വർഷങ്ങളിൽ സ്ഥിരആവാസവ്യവസ്ഥ, കൃഷി, എന്നതിന് കൂടെ ഭരണം അടുത്ത തലമുറയിലേക്ക് കൈമാറുന്ന മൊണാർക്കി രൂപം പ്രാപിക്കുന്നു. സ്ത്രീകൾക്ക് അവകാശങ്ങൾ നിഷേധിക്കുന്നു. പിന്നോട്ടുപോക്കിൻ്റെ പടുകുഴിയിൽ പതിക്കുന്നു . ഇക്കാലമായപ്പോളേക്കും വേദങ്ങൾ, പുരാണങ്ങൾ, ഉപനിഷത്തുകൾ , ഇതിഹാസങ്ങൾ തുടങ്ങിയവയെല്ലാം എഴുതപ്പെട്ടു കഴിഞ്ഞിരുന്നു.
ശേഷം നാട്ടുരാജ്യങ്ങളുടെ കാലമാണ്. വരേണ്യ ഭാഷയായ സംസ്‌കൃതത്തിൽ എഴുതപ്പെട്ട ഗ്രന്ഥങ്ങൾ സാധാരണ ജനങ്ങളിൽ നിന്ന് വിട്ടു നിൽക്കുകയും , രാജസൂയം അശ്വമേധം തുടങ്ങിയ ചടങ്ങുകൾ ജനങ്ങളിൽ അവമതിപ്പ് മാത്രം നേടിയെടുക്കുകയും ചെയ്തതിൻ്റെ ഫലമായി ഭാരതമൊട്ടുക്കെ ബുദ്ധമതവും ജൈനമതവും പ്രചരിക്കുന്നതിനു കാലം സാക്ഷ്യം വഹിച്ചു . ജാതി വർണ്ണ വ്യവസ്ഥയിൽ അധിഷ്ഠിതമായ രൂപത്തിൽ നിന്ന് എല്ലാവരും തുല്യരായ കൂടുതൽ ലളിതമായ ഒരു ആശയം ബഹുജനങ്ങളിൽ പകർന്നു കൊടുത്തൊരു തീപ്പൊരി ഏറെ കത്തിപടർന്നു. ബുദ്ധമതഗ്രന്ഥങ്ങളെല്ലാം തന്നെ സാധാരണജനങ്ങളുടെ ഭാഷയായ പാലി ഭാഷയിൽ എഴുതപ്പെട്ടതും രാജസഭകളിൽ പോലും പ്രാകൃതഭാഷ ഉപയോഗിച്ചിരുന്നതും ഈ പ്രക്രിയയുടെ നേർസാക്ഷ്യങ്ങളാണ്. മാറ്റി നിർത്തപ്പെട്ട ഒരു ജനത, തങ്ങളെ ഉൾക്കൊള്ളുന്ന ഒരു ആവിഷ്കാരത്തെ , രണ്ടു കയ്യും നീട്ടി സ്വീകരിച്ചത് കൊണ്ട് തഴയപ്പെട്ട ഭ്രാഹ്മണിക്കൽ ടെക്സ്റ്റുകൾ പിന്നീട് ഏറെ നൂറ്റാണ്ടുകൾ കഴിഞ്ഞാണ് ഉറക്കം ഉണരുന്നത്. ലോകത്തെ ഏറ്റവും വലിയ ഇതിഹാസമായ മഹാഭാരതം എഴുതപ്പെട്ടതും ,അനുബന്ധ കഥകൾ നടന്നതുമായ അതേ കാലഘട്ടത്തിലൊ അല്ലെങ്കിൽ അതിനു ശേഷമോ സമാന്തരമായാണ് ഈ തഴയപ്പെടലുകൾ എന്നതും ശ്രദ്ധേയമാണ്. ഈ വിപ്ലവത്തിൽ പാൻ ഇന്ത്യ തെക്ക് അഫ്ഘാൻ മുതൽ വടക്ക് ശ്രീലങ്ക വരെ രാജ ഭൃത്യ പ്രജാ ഭേദമില്ലാതെയാണ് അണിനിരന്നത് .
ഈ ബുദ്ധിസ്റ്റു കാലഘട്ടത്തിലാണ് ഭാരതത്തിനു ലോകത്തിനു മുന്നിൽ അഭിമാനമായി ഉയർത്തിപ്പിടിക്കാൻ പോന്ന ഏറെ കാര്യങ്ങൾ നടക്കുന്നത്. പാണിനി, ചാണക്യൻ , പതഞ്‌ജലി, കാളിദാസൻ , ചരകൻ, ധന്വന്തിരി, നവരത്നങ്ങൾ , നളന്ദ സർവകലാശാല തുടങ്ങി അവസാനിക്കാത്ത പട്ടികയാണ് ഈ ബുദ്ധ കാലഘട്ടത്തിൽ ആ.ഭാ.സ.ത്തിൻ്റെ വക്താക്കളാവുന്നത് . അക്കാലത്തുണ്ടായ ചില വിദേശ കടന്നുകയറ്റങ്ങളിൽ, അതിലെ രാജാക്കന്മാർ പോലും ഇവിടെ വന്നു ബുദ്ധമതം സ്വീകരിച്ചിരുന്നു എന്നത് ഇരുത്തി ചിന്തിപ്പിക്കുന്നു. ക്രിസ്തുവിനു 5 നൂറ്റാണ്ട് മുന്നേയും പ്രവാചകനു 10 പതിറ്റാണ്ട് മുന്നേയും ആണിത് . ബുദ്ധ മതം ഒരു ഘർവാപ്പസി നടത്തിയാൽ എല്ലാം തീരൂല്ലോ.. ആ.ഭാ.സം. മുഴുവൻ അവരു കൊണ്ടൊവൂല്ലോ .. എല്ലാം അവരുടെ ലേബലിൽ ആണല്ലോ..
വിഭജിച്ച് ഭരിക്കുക എന്ന കേന്ദ്ര ആശയത്തിലൂന്നി ഭരിച്ചിരുന്ന ബ്രിട്ടീഷുകാർ എഴുതിക്കൊടുത്ത ചരിത്ര പുസ്തകത്തെ ആധാരമാക്കി 16ആം നൂറ്റാണ്ടിനു ശേഷം ബ്രിട്ടീഷ് ഇന്ത്യ എന്നും 11 ആം നൂറ്റാണ്ടിനു ശേഷം മുസ്ലിം ഇന്ത്യ എന്നും അതിനു മുന്നേ ഹിന്ദു ഇന്ത്യ എന്നും വിശ്വസിക്കുന്ന കൂമമണ്ഡൂകങ്ങൾക്ക് ആശ്വസിക്കാൻ വക ഇല്ലെങ്കിലും , ഒറ്റക്കല്ലിൽ കൊത്തി എടുത്ത ഒന്നല്ലെങ്കിലും , നാനാത്വത്തിൽ ഏകത്വമുള്ള , ബഹുമുഖിയായ , ബഹുസ്വരങ്ങളെ ഉൾക്കൊള്ളിച്ച, ഉയർത്തി കാണിക്കാവുന്ന ഒരു ആ.ഭാ.സം. നമുക്കുണ്ട്.. അതേ..ഞാനും
ആ.ഭാ.സ. ത്തിൻ്റെ കൂടെ....
Comments
Post a Comment