ഇന്ത്യൻ ക്യാമ്പസുകൾ : ദേശീയ വിദ്യാർത്ഥി ആലോചന



                           ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ വിവിധ കാമ്പസുകളിൽ വിദ്യാർത്ഥികൾ നേരിടുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്യാനും ഒരുമിച്ച് പ്രവർത്തിക്കാൻ കഴിയുന്ന വിഷയങ്ങളിൽ യോജിച്ച് മുന്നേറാനും ആയി 2017 ഡിസംബർ 21,22 തിയ്യതികളിൽ ന്യൂ ഡൽഹി വെച്ച് NATIONAL STUDENTS CONSULTATION എന്ന പരുപാടി നടന്നു. നവലിബറൽ നയങ്ങളും വിദ്യാഭ്യാസത്തിലെ RSS കയ്യടത്തലും നശിപ്പിക്കാൻ ശ്രമിക്കുന്ന വിദ്യാർത്ഥി സമൂഹത്തിനു ശബ്ദം ഉയർത്താൻ ആയി ഒരു പ്ലാറ്റഫോം രൂപീകരണം എന്ന ഉദ്ദേശത്തിൽ ആണ് കൂടിയിരുപ്പ്. സാമൂഹിക പ്രവർത്തക ശബ്നം ഹസ്മിയുടെ നേതൃത്വത്തിൽ ഡൽഹി ആസ്ഥാനം ആക്കി വർഗീയതക്ക് എതിരെ എല്ലാം ധീര ശബ്ദം ഉയർത്തിയ സംഘടനയായ ANHAD, ഉത്തരേന്ത്യയിൽ അടിച്ചമർത്തപ്പെട്ട വിഭാഗങ്ങളുടെ ഉന്നമനം ലക്ഷ്യം വെക്കുന്ന 'സബ് കാ ഭാരത് ' ആയി ചേർന്ന് ഇത്തരത്തിൽ സംഘടിപിപ്പിച്ച ഈ പരുപാടി ഇന്നത്തെ ഇന്ത്യൻ രാഷ്രീയം യുവാക്കളെ ഉറ്റു നോക്കുന്നു എന്ന സന്ദേശം ആണ് കൈമാറിയത്. 15 സംസ്ഥാനങ്ങളിൽ നിന്നു വിവിധ വിദ്യാർത്ഥി സംഘടനകളെ പ്രതിനിധീകരിച്ചു 100 ഓളം പേർ ഒത്തുചേർന്നു. കേരളത്തിൻ്റെ പ്രതിനിധി ആയി കേരളയുവസമിതി പങ്കെടുത്തിരുന്നു. ഇന്ത്യൻ രാഷ്ട്രീയത്തിൻ്റെ പരീക്ഷണശാല ആയി ദീർഘ കാലം ആയി നിലകൊള്ളുന്ന ജവാഹർലാൽ നെഹ്‌റു സർവകലാശാല അടങ്ങുന്ന ഇന്ത്യ അങ്ങോളം ഇങ്ങോളം കിടക്കുന്ന കേന്ദ്ര സർവ്വകലാശാലകൾ മുതൽ മധ്യപ്രദേശിലെ അലിരാജ്പുർ എന്ന ആദിവാസി ജില്ലയിൽ നിന്ന് ഒറ്റക്ക് ABVP യെ തോൽപ്പിച്ചു യൂണിയൻ ഭരണം നേടിയ 'ആദിവാസി ചാത്ര സംഘടൻ' വരെ ഒരുമിച്ച് ഒരു വേദിയിൽ അണിനിരന്നു.
         
                     എല്ലാ കാമ്പുസുകളിലും ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട യൂണിയൻ ഉണ്ടാവാനും, വിദ്യാഭ്യാസ മേഖലയിലെ സ്വകാര്യവത്കരണം കാവിവത്കരണം എന്നവ ചെറുക്കാനും, ജാതി, ലിംഗ വിവേചനം പോലുള്ള സാമൂഹിക തിന്മകളെ ചെറുക്കൽ, രോഹിത് ആക്ട് രുപീകരണം, GSCASH രുപീകരണം എന്ന അജണ്ടകൾ ആണ് മുന്നിൽ ഉണ്ടായിരുന്നത്. ഇതിനായി ABVP ഒഴിച്ചുള്ള ഇന്ത്യയിലെ എല്ലാ ജനാതിപത്യ വിദ്യാർത്ഥി സംഘടനകളെയും ഒരുമിപ്പിച്ചു നിർത്തി തയ്യാറാക്കേണ്ട പടയൊരുക്കത്തിന് രൂപം തയ്യാറാക്കൽ ആണ് ഈ ആലോചനയുടെ ലക്ഷ്യം .കഴിഞ്ഞ 3 വർഷകാലം ഇന്ത്യൻ ക്യാമ്പ്‌സുകളില് കണ്ട ജനാതിപത്യരഹിതമായ RSS ഇടപെടലുകളും അതിനെതിരെ ഇന്ത്യയിൽ ഉടനീളം രൂപപ്പെട്ട വിദ്യാർത്ഥി പ്രക്ഷോഭവും ഈ ആലോചനക്ക് പ്രേരകമാവുന്നു. നജീബ് , രോഹിത് വെമുല തുടങ്ങിയ പേരുകളും JNU, HCU, ബനാറസ് , FTTI  എന്നിങ്ങനെ ഒരുപാട് ക്യാമ്പ്‌സുകളിൽ കത്തിപ്പടർന്ന ഈ പ്രക്ഷോഭം ഇന്ന് വിപുലമാക്കി നടത്തേണ്ട ആവശ്യകത ഇന്നിൻ്റെ ആവശ്യകത ആണ്.


        ആദ്യദിനം തുടങ്ങിയത് JNU ടീച്ചർ അസോസിയേഷൻ സെക്രട്ടറി ആയിഷ കിദ്വായി നടത്തിയ പ്രസംഗം കൊണ്ട് ആണ്. ജൻഡർ വിഷയങ്ങളിൽ ഊന്നി ക്യാമ്പസുകൾ ഫാസിസം നേരിടേണ്ട ആവശ്യകത വിശദമാക്കി ശ്രീമതി ആയിഷ . പിന്നീട് അപൂർവാനന്ദ് ജീ നടത്തിയ സംസാരം എല്ലാ വിഭാഗങ്ങളും ക്യാമ്പസുകളിൽ എത്തേണ്ട ആവശ്യകതയും അവർക്ക് അവിടെ പഠിക്കാൻ ഉള്ള സാഹചര്യം ഒരുക്കേണ്ട ഉത്തരവാദിത്തം വിശദീകരിച്ചു. ഇന്ത്യയിലെ 24 ഓളം യൂണിവേഴ്സിറ്റി VC മാർ സ്ഥിരമായി ശാഖ സന്ദർശിക്കുന്നവർ ആണെന്നുള്ളത് ഏവരെയും ഞെട്ടിക്കുന്ന വാർത്ത ആയിരുന്നു. ശേഷം മുൻ JNUSU നേതാവ് കനയ്യകുമാർ വിദ്യാർത്ഥികൾ പോരാട്ടത്തിന് ഇറങ്ങേണ്ട സമയം അതിക്രമിച്ചു എന്നത് വിവിധ ക്യാമ്പസ് വിഷയങ്ങൾ ചൂണ്ടി കാണിച്ചു പറഞ്ഞു. ക്ഷണിക്കപ്പെട്ട അതിഥികളുടെ സമയം കഴിഞ്ഞ് ഓരോ പ്രതിനിധിക്കും തൻ്റെ സംസ്ഥാനത്തെ അല്ലെങ്കിൽ യൂണിവേഴ്സിറ്റിയിലെ പ്രശ്നങ്ങൾ എല്ലാവരും ആയി സംവദിക്കാൻ ഉള്ള സമയം ആയിരുന്നു. സംഘപരിവാർ തങ്ങളുടെ കാമ്പുസുകളിൽ നടത്തുന്ന ഇടപെടലുകൾ ഓരോരുത്തരും ചൂണ്ടിക്കാട്ടി. നയിച്ച പ്രക്ഷോഭങ്ങളെയും നേരിട്ട പ്രതിസന്ധികളെയും തുടരുന്ന പ്രശ്നങ്ങളെയും അവതരിപ്പിച്ചു. കുട്ടികളുടെ ആവശ്യങ്ങളെ ജനാതിപത്യ വിരുദ്ധമായി നേരിട്ട ഒരുപാട് അനുഭവങ്ങൾ വിവരിക്കുകയുണ്ടായി. സംവരണം നിർത്തി വച്ച ജാർഖണ്ഡ്, ഇനിയും തിരഞ്ഞെടുക്കപ്പെട്ട യൂണിയൻ പോലും അവകാശപെടാൻ ഇല്ലാത്ത കേന്ദ്ര യൂണിവേഴ്സിറ്റികൾ,ഇനിയും തുടരുന്ന ജാതി ലിംഗ വിവേചങ്ങൾ, അത് പരിഹരിക്കാൻ വേണ്ട ബോഡികളുടെ അപര്യാപ്തത, ആവശ്യങ്ങളുടെ നേർക്ക് ഉള്ള അസഹിഷ്ണുത,പുതിയ ഇൻസ്റ്റലേഷനുകൾ നടപ്പാക്കി സിലബസ് കാവിവത്കരണം, ക്യാമ്പസ് കൂട്ടായ്മകൾ അടിച്ചമർത്താൻ മാത്രം ട്രെയിൻ ചെയ്യപ്പെട്ട കഴിവ് കെട്ട VC മാർ തുടങ്ങി അത്യന്തം പ്രതിഷേധാർഹമായ വസ്തുതകൾ ചൂണ്ടികാണിക്കപ്പെട്ടു. മുരടിച്ച് കിടക്കുന്ന ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിൽ ജോലി ഇല്ലാതെ കഷ്ടപ്പെടുന്ന യുവാക്കളെ രാജ്യം ഒട്ടുക്കെ കാണുവാനാകും.
                               
                          യുവസമിതിയെ പരിചയപ്പെടുത്തുമ്പോൾ സാമൂഹികവും സർഗാത്മകവുമായി ക്യാമ്പസ് ഇടപെടലുകൾ നടത്തേണ്ട ആവശ്യകത മുൻനിർത്തി ആണ് സംസാരിച്ചത്.സയ്‌ൻറിഫിക്‌ ടെമ്പർ എന്ന ഭരണഘടനാ ടൂൾ ഉപയോഗിച്ചു ഓരോ വിഷയങ്ങളെയും നേരിടേണ്ട രീതി പറഞ്ഞു വെച്ചു. പാട്ടിലൂടെയും തെരുവുനാടകങ്ങളിലൂടെയും കൂടുതൽ സാധാരണ ആളുകളിലേക്ക് എത്തിക്കൽ, ജൻഡർ പോലുള്ള വിഷയങ്ങളിൽ സ്പെക്ട്രം എന്ന ബ്രിഹത്തായ ആശയം മുന്നോട്ട് വച്ച് നടത്തുന്ന പ്രവർത്തനങ്ങൾ, ചോദ്യങ്ങൾ ചോദിക്കാത്ത കുട്ടികളെ ഉണ്ടാക്കി എടുക്കാൻ പ്രയാസപ്പെടുന്ന വ്യവസ്ഥയോട് കലഹിക്കേണ്ട ആവശ്യകത, സ്ത്രീകൾ നേരിടുന്ന അക്രമങ്ങൾ തടയാൻ കേവലം വിഷയകേന്ദ്രിതമായ പ്രവർത്തനങ്ങൾക്ക് പുറമെ ദീർഘകാല അടിസ്ഥാന പ്രവർത്തനം ആയി കുട്ടികൾക്ക് ഉൾപ്പടെ ജൻഡർ എഡ്യൂക്കേഷൻ നൽകേണ്ടുന്ന പ്രാധാന്യം ചർച്ചക്ക് വെച്ചു .രാത്രി ലൈബ്രറി ഉപയോഗത്തിൻ്റെ വിഷയം ഇപ്പോളും കേരളത്തിൽ വളരെ കോളേജുകളിൽ വിവേചനപരമോ അപര്യാപ്തമോ ആണെന്നിരിക്കെ അതിൽ മുൻമാതൃകകളായ ഐതിഹാസിക സമരങ്ങളെ ഉൾകൊണ്ട് ഇടപെടലുകൾ നടത്തേണ്ടതാണ്. ആദ്യദിനം ഉപസംഹാരം എന്ന നിലയ്ക്ക്‌ വിദ്യാർത്ഥി നേതാക്കൾ ആയ ഷെയ്‌ല റാഷിദ് , ഒമർ ഖാലിദ് എന്നിവർ വിവിധ പ്രതിനിധികൾ സൂചിപ്പിച്ച വിഷയങ്ങളെ വിലയിരുത്തി. സ്വാതന്ത്ര്യ സമരകാലം മുതൽക്ക് രാഷ്ട്ര നിർമാണത്തിൽ യുവതീ യുവാക്കൾ വഹിച്ച പങ്ക് ഓർമപ്പെടുത്തി ഓരോ വിദ്യാർത്ഥി പ്രശ്നങ്ങളും ഉയർത്തി കൊണ്ടുവരേണ്ട അനിവാര്യത എടുത്ത് പറഞ്ഞു ആദ്യദിനം പരിസമാപ്തമായി.



                                        രണ്ടാം ദിനം ലക്ഷ്യം വെച്ചത് ഓരോ വിദ്യാർത്ഥി സംഘടനകളും നേരിടുന്ന പ്രധാന പ്രശ്നങ്ങളെ ക്രോഡീകരിച്ചു ഒത്തുചേരാൻ കഴിയുന്ന ഇഷ്യൂകളിൽ ഒരുമിച്ച് ഒരു പൊതു മിനിമം പരുപാടി രൂപീകരിക്കുന്നതാണ്. വിദ്യാർത്ഥി സംഘടനകൾ മറ്റു സാമൂഹിക സംഘടനകൾ ആയി കൂടി ചേർന്ന് പ്രവർത്തിക്കേണ്ടതും , വിദ്യാർത്ഥി സമരങ്ങളിൽ ഐക്യപ്പെടേണ്ട ടീച്ചർ സമൂഹത്തെ ഉണർത്തേണ്ടതും, ജൻഡർ അനീതി പ്രശ്ന പരിഹാര സെൽ ആയ GSCASH ഉറപ്പ് വരുത്തേണ്ടതും, വെമുല ആക്ട് എത്രയും പെട്ടെന്ന് നടപ്പാക്കേണ്ടതും പ്രധാനം ആണെന്ന് ആമുഖമായി പറഞ്ഞു. യുവസമിതിയുടെ അവതരണം എടുത്തുപറഞ്ഞത് സമരങ്ങൾക്ക് ശക്തി പകരാൻ ജൻഡർ വിഷയങ്ങൾ ആദ്യം ഉയർത്തണം എന്നും, അരാഷ്ട്രീയമായ ഏറെ കുട്ടികൾ പഠിക്കുന്ന ഇന്നത്തെ ക്യാമ്പ്‌സുകളിൽ എല്ലാവരെയും ഉൾപ്പെടുത്തി അഡ്രസ്സ് ചെയ്യുന്നത് ശ്രദ്ധ ചെലുത്താനും, മെയിൻസ്ട്രീം മീഡിയ ഒരിക്കലും നമ്മുടെ വിഷയങ്ങൾ വേണ്ട അർഹതയോടെ പരിഗണിക്കില്ല എന്നത് കൊണ്ട് ഒരു സ്വന്തം  മീഡിയയുടെ ആവശ്യകത , പ്രശ്നഅടിസ്ഥാനത്തിൽ മാത്രം ഇടപെടാതെ കാരണാടിസ്ഥാനത്തിൽ ഇടപെട്ട് വിദ്യാഭ്യാസം കൊടുക്കുന്നതിൽ വേണ്ട ഊന്നൽ എന്നിവ അവതരിപ്പിച്ചു.

                                പൊതു മിനിമം പരുപാടി രൂപരേഖ തയ്യാറാക്കൽ വിദ്യാർത്ഥി നേതാക്കൾ റിച്ച സിങ് , ഒവൈസ് സുൽത്താൻ എന്നിവർ നിർവഹിച്ചു.40 ഓളം സംഘടകളെ ബന്ധപ്പെട്ടിരുന്നു എങ്കിലും ഡൽഹി വിദൂരം ആയതിനാൽ എത്തിപ്പെടാൻ സാധിക്കാത്തവരെ കൂടെ ഉൾപെടുത്താൻ ആയിരിക്കണം ആദ്യ പ്രവർത്തനം എന്ന് ആദ്യം തീരുമാനിച്ചു. ഇതിനായി ഒരു അഡ്‌ഹോക് കമ്മിറ്റി രൂപീകരിച്ചു വിവിധ പ്രാദേശിക ആലോചനകളുടെ തിയതി തീരുമാനിച്ചു. മാർച്ച് ആവും മുന്നേ ഇതെല്ലം തീർത്ത് വിപുലമായ ഒരു കമ്മിറ്റി രൂപപ്പെടുത്താൻ ധാരണ ആയി. ജനുവരി 15 നു ഈ കമ്മിറ്റിയുടെ അടുത്ത യോഗം നിശ്ചയിച്ചു. വിഷയങ്ങൾ ഒന്നായി ഉയർത്താനും , ഒരുമിച്ച് നിൽക്കുന്ന ശക്തിയും , ഉയരുന്ന വിഷയങ്ങൾ എല്ലാം ദേശീയ വിഷയങ്ങൾ ആക്കി മാറ്റാൻ ഈ കൂട്ടായ്മയുടെ കഴിവ്, ലീഗൽ ആയും മറ്റുമുള്ള സഹായങ്ങൾ ഈ കൂട്ടായ്മയിലെ ഓരോ സംഘടനക്കും ഉറപ്പ് നൽകി യോഗം പരിസമാപ്തി കൊണ്ട്.. ഒരുമിച്ച് നിന്ന് കൊണ്ട് 2019 ആവുമ്പോളേക്കും ഉയർന്നു കേൾക്കാവുന്ന ഒരു ചോദ്യം വിദ്യാർത്ഥികളുടെ ഭാഗത്ത് നിന്ന് കൊണ്ടു വരാൻ ഈ കൂട്ടായ്മക്ക് കഴിയും എന്ന പ്രതീക്ഷയിൽ പിരിഞ്ഞു.

Comments

Popular posts from this blog

ഒരു പഴുത്ത പ്ലാവിലയുടെ കഥ.....

You.....Me....&...Him