മലയാള സിനിമയിലെ പഴം പുഴുങ്ങികളോട് ജീൻ ലൂക് ഗൊദാർഢ് പറയുന്നത്..

മലയാള സിനിമയിലെ പഴം പുഴുങ്ങികളോട് ജീൻ ലൂക് ഗോദാർഡ് പറയുന്നത്

"politics is like a footwear ; it protects you whether left or right . And you are choosing to go barefoot"


           
നിഷ്പക്ഷത എന്ന എല്ലിൻ കഷ്ണം കടിച്ച് പിടിച്ച് വാ തുറക്കാതെ അരാഷ്ട്രീയത ആഘോഷിക്കുന്ന ഓരോരുത്തരെയും ചൂണ്ടി നിസ്സഹായനായി ഗോദാർഡ് പറയുന്ന വാക്കുകൾ ആണിത്.
_Michel Hazanavicius_ എന്ന ഫ്രഞ്ച് സംവിധായകൻ തന്റെ _Redoubtable_ എന്ന ചിത്രത്തിൽ കേന്ദ്ര പ്രമേയം ആയി അവതരിപ്പിച്ചിരിക്കുന്നത് ഒരു കലാകാരന്റെ രാഷ്ട്രീയ ജീവിതം ആണ്. ഒരുപാട് ജനപ്രിയ ചിത്രങ്ങൾ എടുത്ത ഗോദാർഡ് എന്ന പ്രശസ്ത സംവിധായകൻ നേരിടുന്ന പ്രതിസന്ധികളിലൂടെ ആണ് ചിത്രം നീങ്ങുന്നത്. വിപ്ലവത്തിന് അണിചേരാൻ തീരുമാനിക്കുന്നതും തുടർന്ന് ജീവിതത്തിലും സമൂഹത്തിലും നേരിടുന്ന തിരിച്ചടികളും വളരെ മനോഹരം ആയി തന്നെ തിരശീലയിൽ എത്തിച്ചിട്ടുണ്ട്.
         
ബൂർഷ്വായെ പ്രണയിച്ച റെവോളൂഷണറി എന്ന തലക്കെട്ട് ആണ് ആദ്യം ഇട്ടിരുന്നത്. പിന്നീട് ആണ് ഇതിന്റെ കാലിക പ്രസക്തി കണ്ട് ഇൗ മാറ്റം വരുത്തിയത്. മലയാള സിനിമയിലെ ഓരോരുത്തരെയും വീട്ടിൽ കൊണ്ട് പോയി പാസ് കൊടുത്ത് കാണിക്കേണ്ട ഒരു സിനിമ ആണിത്. ഫാൻബൈസ് തകരും എന്നൊരു ഞൊണ്ടി ന്യായം പറഞ്ഞ് തങ്ങളുടെ കംഫർട്ട് സോൺ ആയ  മൂഢ സ്വർഗ്ഗത്തിൽ ഇരുന്നു കൊണ്ട് സമൂർത്തമായ ഒരു പ്രശ്നത്തിലും ഇടപെടാതെ പഴം പുഴുങ്ങി ഇരിക്കുന്ന ഓരോരുത്തർക്കും ഒരു പൊടി വിയർക്കാതെ കണ്ട് തീർക്കാൻ കഴിയില്ല ഇൗ സിനിമ. ഇനി എന്നാണ് വീണ്ടും ജനപ്രിയ സിനിമ എടുക്കുന്നത് എന്ന് ചോദിക്കുന്ന ആരാധകനോട് ഗോദാർഡ് മറുപടി പറയുന്നത്, എന്നാണോ വിയറ്റ്നാം ചിലി തുടങ്ങിയ രാജ്യങ്ങളിലെ കണ്ണ്നീര് മായുന്നത് അന്ന് എന്നാണ്. പണ്ട് എൻ വി പാടിയ വരികൾ ആണ് ഇൗ ധീരമറുപടി കേട്ട് ഓർമ വന്നത്. _"എങ്ങു മനുഷ്യനു ചങ്ങല കൈകളിൽ അങ്ങെൻ കയ്യുകൾ നൊന്തീടുന്നു; എങ്ങോ മർദ്ദനം അവിടെ പ്രഹരം വീഴുവതെന്റെ പുറത്താക്കുന്നു "_
         
  പൊളിറ്റിക്കൽ ആവാൻ ഉള്ള തീരുമാനം കൊണ്ട് ഐക്യപ്പെടുന്ന ഗോദാർഡ് പിന്നീട് ജീവിതത്തിൽ നേരിടുന്നത് വലിയ പ്രതിസന്ധികൾ ആണ്. ജനപ്രിയ സിനിമക്ക് പകരം അദ്ദേഹം എടുക്കുന്ന സിനിമ ജനം ഒരിക്കലും ഏറ്റെടുക്കുന്നില്ലാ.. പൊളിറ്റിക്കൽ ഗോദാർഡിനെ സ്വീകരിക്കാൻ ആരും തയ്യാറാവുന്നില്ല. കണ്ണ് തുറക്കാതെ ഉൾത്സാഹത്തിമിർപ്പിൽ ഇരിക്കുന്ന മധ്യവർഗത്തെ തൃപ്തിപ്പെടുത്താൻ കഴിയാത്ത സിനിമയെ അവർ കാർക്കിച്ച് തുപ്പുന്നു. ഗോദാർഡ് മരിച്ചു എന്ന് അനേകം തവണ അദ്ദേഹത്തിന് പറയേണ്ടി വരുന്നു. പഴയ കാലത്തിന്റെ പുഴുക്കുത്തുകളെ തീർത്തും തള്ളുന്നു എങ്കിലും അക്കാലത്ത് കുത്തകകളുടെ ചട്ടുകം ആയതിനു നേരിടുന്ന വിമർശനങ്ങൾ  അദ്ദേഹത്തിന് വളരെ അധികം ആകുലത സൃഷ്ടിക്കുന്നു. പുതിയ ലോകത്തിന്റെ പടയാൾ എന്ന നിലക്ക് നേരിടുന്ന അസ്വസ്ഥത ജീവിതം കാർന്നു തിന്നുന്ന കാഴ്ച വളരെ ചിതിപ്പിക്കുന്നതാണ്. സമരസപ്പെടാൻ തയ്യാർ ആവാതെ താർക്കിക യുക്തിയിൽ ഏർപ്പെടുന്ന ഗോദാർഡ് ജീവിതത്തിൽ ഒറ്റപ്പെടുന്നു. എപ്പോളും താൻ ഒറ്റപെടുന്നതല്ല നിങ്ങൾ ചിന്തിക്കാത്തതാണ്  എന്ന് വിളിച്ച് പറയുന്നു ഗോദാർഡ്. ജീവിതത്തിൽ രാഷ്ട്രീയം ഉയർത്തി കലഹിക്കുമ്പോൾ തളർന്നു പോകുന്ന ഒരാളെ  ക്യാമറാ ഭംഗി ആയി ഒപ്പി എടുത്തിട്ടുണ്ട്. ഒരു വയസ്സനെ താൻ ഒരിക്കലും ഇഷ്ടപ്പെടുന്നില്ല, ഇനി അത് തന്നിൽ തന്നെ ആയാൽ പോലും എന്ന് പരിതപിക്കുന്നുണ്ട് ഗോദാർഡ് ഒരു വേളയിൽ.
     
 ഇത്രയും രാഷ്ട്രീയം പങ്ക് വെക്കുമ്പോളും ഒരു സ്വയം പ്രഖ്യാപിത സമരമുന്നേറ്റ നേതാവിന്റെ സ്വയം വിമർശനം ആയി കൊണ്ടാണ് സിനിമ ഓരോരുത്തരോടും സംവദിക്കുന്നത്. ഇത് കാണുന്ന ഓരോരുത്തരും തന്നെ തന്നെ സ്ക്രീനിൽ കണ്ടാണ് കയ്യടിക്കുന്നതും സ്വയം പരിഹാസ്യരാവുന്നതും. പൊളിറ്റിക്കൽ കറക്ട്‌നസ് എന്ന ഇരുതല മൂർച്ച ഉള്ള വാളിനെ നിശിതമായി വിമർശിക്കുന്നു സിനിമ. കാമുകി ഉപയോഗിച്ച സൺടാൻ ഉപയോഗിക്കുന്നത് വിമർശിക്കുന്ന ഗോദാർഡ് പിന്നീടുള്ള രംഗങ്ങളിൽ അതെല്ലാം എത്ര ഉപരിപ്ലവം ആകുന്നു എന്ന് തെളിയിക്കുന്നു. ഫാമിലി എന്ന സ്പേസിലേക്ക്‌ വരുമ്പോൾ തന്റെ കാമുകിയെ ബൂർഷ്വാ ലേബൽ ചെയ്യുന്ന നായകൻ, കാമുകി ആയി സമയം ചിലവിടാതെ പുസ്തകം വായിക്കുന്ന നായകൻ, സ്വയം പോരാളി ഷാജി ആയി കരുതുന്ന നായകൻ സ്വന്തം കാര്യങ്ങളിൽ എളുപ്പം കോമ്പ്രമൈസ് ചെയ്യുന്നു. ഭർത്താവിന് അടിമപ്പെടാത്ത ഭാര്യ സോ കോൾഡ് പുരോഗമനം തലക്ക് പിടിച്ചവരുടെ ചിന്തകളിൽ പോലും വരുന്നില്ല എന്ന നഗ്ന യാഥാർത്ഥ്യം നാം ഓരോരുത്തരെയും തുറിച്ച് നോക്കുന്നു. റസ്റ്ററന്റിൽ വെച്ച് തർക്കിക്കാൻ ഇട വരുമ്പോൾ കടന്നു വരുന്ന whore എന്ന സ്ത്രീവിരുദ്ധ പരാമർശം വാളിന്റെ മറ്റെ തല നെഞ്ചത്ത് കുത്തി ഇറക്കുന്നു.
         
 പുരോഗമന ചിന്താഗതിക്കാരായ ഓരോ മനസ്സുകളെയും വളരെ കൃത്യമായി സ്പെസിമെൻ ചെയ്യുന്ന ചിത്രം, അതിൽ ഉടലെടുക്കുന്ന പ്രതിസന്ധികളെ എല്ലാം തന്നെ അതീവ ശ്രദ്ധയോടെ തന്നെ ക്രോസ്സ് വിസ്താരം ചെയ്തത്, വിമർശങ്ങൾ ഉയർത്തി കാണിക്കുമ്പോഴും, വീണ്ടെടുപ്പുകൾ സാധ്യം ആണെന്ന് തന്നെ ആണ് പറയാൻ ശ്രമിക്കുന്നത്. വളരെ മൂവിങ് ആയുള്ള ഫ്രെയിമിൽ വളരെ സരസമായി തന്നെ ഇൗ വിഷയങ്ങൾ അവതരിപ്പിച്ചത് സംവിധായകന്റെ മിടുക്ക് തന്നെ. വ്യക്തമായ ഒരു സന്ദേശം പകർന്ന് നൽകുക ആണ് ഒരു സിനിമയുടെ ലക്ഷ്യം എങ്കിൽ അൺഡൗട്ടബ്ലി റീഡൗട്ടബിൾ ഒരു മികച്ച ചിത്രം ആണ് _The first step to overcome a problem is to realize that one is present_  എന്ന വാക്കുകൾ കടം എടുക്കുക ആണെങ്കിൽ ഉറക്കം നടിച്ച് ഇരിക്കുന്ന ഓരോ സൂപ്പർ സ്റ്റാറും ഞെട്ടി ഉണരാൻ ഉള്ള കാലം അതിക്രമിച്ചിരിക്കുന്നു. അലാറം കൂടുതൽ ഉച്ചത്തിൽ മുഴങ്ങുന്നു.. കണ്ണടച്ച് ഇരുന്നാൽ ചെവിയും കേൾക്കില്ല എന്ന് കരുതുന്നവരേ നിങ്ങൾക്ക് എന്റെ നല്ല നമസ്കാരം....
#redoubtable #iffk22' #malayalam_cinema

Comments

Popular posts from this blog

ഒരു പഴുത്ത പ്ലാവിലയുടെ കഥ.....

You.....Me....&...Him