കാണാമറയത്തെ അദൃശ്യ ചരടുകൾ - Sorry we missed you!

        

        ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ വിരൽതുമ്പിൽ ചലിക്കുന്ന ഇൻ്റർനെറ്റ്‌ യുഗത്തിൽ, മാറി മറഞ്ഞ തൊഴിൽ സങ്കല്പങ്ങളെയും, പതിയിരുന്നു  ദുസ്സഹമായ ജീവിതങ്ങൾ സൃഷ്ടിക്കുന്നവരെയും തുറന്നു കാണിക്കുന്നു വിഖ്യാത സംവിധായകൻ 'കെൻ ലോച്ച്'  ഈ ചിത്രത്തിൽ. സ്വയംതൊഴിൽ എന്ന ഓമനപ്പേരിൽ, സ്വയംമുതലാളി എന്ന മായാമരീചിക കാണിച്ചു ആകർഷിക്കുന്ന, ഒരു അദൃശ്യ ചൂഷകവിഭാഗത്തിൻ്റെ ചതിക്കുഴിയിൽ വീണുപോവുകയാണ് കഥാനായകൻ. സിനിമ തുടങ്ങുന്നത് നായകൻ റിക്കിയെ ജോലിക്ക് എടുക്കുന്ന രംഗത്തോടെയാണ്. തൊഴിലില്ലായ്മ വേതനം സ്വീകരിക്കുന്നതിലും ഭേദം പട്ടിണി ആണെന്ന് വിശ്വസിക്കുന്ന, ഏത് ജോലിയും ചെയ്യാൻ തയ്യാർ ആയ റിക്കി പറയുന്നത് ഇതാണ് തൻ്റെ സ്വപ്ന ജോലി എന്നാണ്. നിങ്ങളെ ഞങ്ങൾ ജോലിക്ക് എടുക്കുന്നില്ല മറിച്ചു നിങ്ങൾ ജോലിയിലേക്ക് പ്രവേശിക്കുകയാണ്, ഞങ്ങൾക്ക് വേണ്ടി ജോലി ചെയ്യുന്നില്ല പകരം ഞങ്ങളുടെ കൂടെ ജോലി ചെയ്യുന്നു സേവനം  ചെയ്യുന്നു  എന്നെല്ലാം പറഞ്ഞുകൊണ്ട് വലിയ എന്തോ നേടുന്ന പ്രതീതി ഉണ്ടാക്കി ആണ് ഇനി മുതൽ നിങ്ങൾ തൊഴിലാളിയല്ല എന്ന് പറയുന്നത് . ഇതിലൂടെ ഇക്കാലമത്രയും സമരചരിത്രങ്ങളിലൂടെ നേടിയെടുത്ത തൊഴിൽ അവകാശങ്ങൾ എല്ലാം തന്നെ ഇവിടെ നിഷേധിക്കപെടുകയാണ്. കാണാമറയത്തിരുന്നു തൻ്റെ ജീവിതത്തിൻ്റെ ചരടുകൾ കൈവശപ്പെടുത്തിയ ആ അദൃശ്യനെയും അയാളുടെ യന്ത്രത്തെയും സന്തോഷിപ്പിക്കൽ ആവുന്നു റിക്കിയുടെ തൊഴിൽ ധർമ്മം.

        2008 ലെ ആഗോള സാമ്പത്തിക മാന്ദ്യവും അതിനു കൂടെ നോർത്തേൺ റോക്ക് ബാങ്കിൻ്റെ  തകർച്ചയുമാണ് റിക്കിയുടെ കുടുംബത്തെ തകർക്കുന്നത്. മറ്റനേകം മധ്യവർഗ്ഗ കുടുംബങ്ങളെ പോലെ വീടും ജോലിയും നഷ്ടപ്പെട്ട് സാമ്പത്തിക അസ്ഥിരതയിലേക്ക് എടുത്തെറിയപ്പെടുന്നു ഈ കുടുംബം . ഈ അവസരത്തിൽ ആണ് കുടുംബത്തെ കരകയറ്റാനായി റിക്കി ഈ ജോലി ഏറ്റെടുക്കുന്നതും , അതിനു ശേഷം മനുഷ്യൻ്റെ  പ്രാഥമിക അവകാശമമായ ആത്മാഭിമാനം വരെ മുറിപ്പെടുമ്പോഴും രക്ഷപ്പെടാനാവാതെ ചുഴിയിൽ തുടരുന്നതും .കോർപ്പറേറ്റ് മുതലാളിമാർക്കും മറ്റും വൻതുക കടം കൊടുത്തും, തിരിച്ചടക്കാതെ നാട് വിടാൻ വാതിൽ തുറന്നു കൊടുത്തും , ഇതിനെല്ലാം ഒത്താശ ചെയ്യാൻ ബാങ്കുകളെ സ്വാകാര്യവത്കരിച്ചും ലയിപ്പിച്ചും, പൊതുമേഖലാ ബാങ്കുകളെ വരെ തകർക്കാനായി കുട പിടിക്കുന്ന അധികാരികളുടെ ഈ രാജ്യത്തു നെഞ്ചിടിപ്പോടെ അല്ലാതെ ഈ ചിത്രം കണ്ടു തീർക്കാൻ കഴിയില്ല.ഒരു ജീവിതകാലത്തെ സമ്പാദ്യം മുഴുവൻ നഷ്ടപ്പെട്ടു തെരുവിലേക്ക് എറിയപ്പെട്ട ഒരു കുടുംബത്തെ, തൊഴിൽ നിയമങ്ങളെയും അവകാശങ്ങളെയും പുച്ഛത്തോടെ ചവറ്റുകൊട്ടയിലാക്കുന്ന ഒരു ജോലിക്കുരുക്കിൽ വീഴ്ത്തുന്നതും, തുടർന്ന്  ആ കുടുംബത്തെ തന്നെ ശിഥിലമാക്കാൻ പോന്ന മഹാവ്യാധിയായി വളരുന്ന കാഴ്ച വേദനിപ്പിക്കുന്നതാണ്. 

        കഥാനായിക റിക്കിയുടെ ഭാര്യ അബ്ബിയും കരാർ തൊഴിലാളിയാണ് . അതിരാവിലെ മുതൽ രാത്രി മയങ്ങും വരെ ഏറെ മണിക്കൂറുകൾ ജോലി ചെയ്യുമ്പോഴും മാന്യമായ വരുമാനവും മറ്റു ആനുകൂല്യങ്ങളും അബ്ബിക്കും നിഷേധിക്കപ്പെടുന്നതായി കാണാം .ഇന്നത്തെ കാലത്തു അസ്ഥിരമായ അസന്തുഷ്ടമായ ഒരു ലോകത്തെ ഉണ്ടാക്കി സന്തോഷിക്കുന്ന ആ ഭീകരസത്വം എന്ത് കൊണ്ടാണ് കരാർ ജോലികൾക്ക് വേണ്ടി വാദിക്കുന്നത് എന്നത് പകൽ പോലെ വ്യക്തം ആണ് .  8  മണിക്കൂർ ജോലി , 8  മണിക്കൂർ വിശ്രമം , 8 മണിക്കൂർ വിനോദം എന്ന  തൊഴിലാളി മുദ്രാവാക്യം ഇവിടെ കാറ്റിൽ പറത്തുമ്പോഴും, പലയിടങ്ങളിലും നിന്നായി അലയൊലികളായി ഈ മുദ്രാവാക്യം ആകാശത്തു തിങ്ങി നിറയുന്നതായി കാണാം . ഒരു രാജ്യത്തിൻ്റെ സ്വൈര ജീവിതത്തിനു തൊഴിലാളി അവകാശങ്ങൾ എത്ര വിലപ്പെട്ടതാണ് എന്ന് ഈ കെട്ട കാലത്തും ഈ ചിത്രം അടിവര ഇടുന്നു . കുട്ടികളുടെ കൂടെ സമയം ചിലവഴിക്കാൻ ആവാതെ, അത് അവരെ ബാധിക്കുന്നത് കണ്ട് സഹിക്കാനാവാത്ത മാതാപിതാക്കളെ നമുക്ക് കാണാം . സ്വന്തം കാര്യത്തിന്  ഒരു അവധി പോലും നിഷേധിക്കപ്പെട്ടു വീട്ടിലെ പാർട്ടി നഷ്ടപ്പെട്ടു  ജോലിക്ക് പോവുന്ന വഴിയേ വണ്ടിയിൽ പാട്ടു വെച്ച് നൃത്തം ചെയ്യുന്ന കുടുംബത്തെ കാണാം , ട്രാക്ക് ചെയ്യുന്ന യന്ത്രത്തിന് കിട്ടുന്ന പ്രാധാന്യവും പരിഗണനയും പോലും ലഭിക്കാതെ മാനുഷിക അന്തസ്സിനെ ചോദ്യം ചെയ്യുന്ന തരത്തിൽ ജോലിക്ക് ഇടയിൽ കുപ്പിയിൽ മൂത്രം ഒഴിക്കേണ്ടി വരുന്നവരെ കാണാം. മറുപുറത്തു സ്വയം മുതലാളി എന്ന പുറം പൂച്ചിൽ ഒരു അവധി എടുക്കുമ്പോൾ മറ്റൊരാളെ കണ്ടെത്തേണ്ടതും , മോഷ്ടിക്കപെടുമ്പോൾ അതിൻ്റെ ബാധ്യത സ്വയം ഏൽക്കേണ്ടി വരുന്നതും ആയുള്ള ഉത്തരവാദിത്തങ്ങൾ എല്ലാം പേറേണ്ടി വരുന്നു ഇവിടെ തൊഴിലാളിക്ക് . കടക്കെണികളുടെ കൂട്ടത്തിൽ ഇതെല്ലം സ്വാഭാവികം ആണെന്ന് പറഞ്ഞു വെച്ച്  പുറത്തു കടക്കാനുള്ള എല്ലാ വഴികളും അടച്ച്‌, ഇങ്ങനെ ആണ് ലോകം എന്ന കുയുക്തി പറഞ്ഞു  നിലയില്ലാ കയങ്ങളൊരുക്കി എതിർപ്പിൻ്റെ ചെറു സ്വരങ്ങൾ പോലും ഇല്ലെന്നു ഉറപ്പാക്കുന്നു ഈ സംവിധാനം . മനുഷ്യ അന്തസ്സിലും ഒരുപാട് മുകളിൽ ആണ് ഡെലിവറി ജോലിയിൽ എത്രസമയത്തിനുള്ളിൽ കൊടുത്തു ,മത്സര നെട്ടോട്ടത്തിൽ എത്രാമതാണ് തുടങ്ങിയ സംഖ്യകൾ എന്ന് പറയുന്ന, ഞാൻ എൻ്റെ കീഴിലുള്ള ആളുകളെ അല്ല ഈ യന്ത്രത്തെയാണ് സന്തോഷിപ്പിക്കാറുള്ളത് എന്ന് പറയുന്ന സൂപ്പർവൈസർ ഈ കുഴിയുടെ ആഴത്തെ വ്യക്തമാക്കുന്നു.

        താളം തെറ്റുന്ന കുടുംബ ജീവിതത്തിലും ഇഴ കീറി പരിശോധിക്കുമ്പോൾ കാണുന്ന സ്നേഹത്തെ സിനിമ പ്രതിപാദിക്കുന്നു. തൊഴിൽ പ്രശ്നങ്ങൾ ജീവിതത്തെ ബാധിക്കുമ്പോൾ തമ്മിൽ തമ്മിൽ  താങ്ങാവുന്നുണ്ട് ഓരോരുത്തരും. അഭിപ്രായ വ്യത്യാസങ്ങൾക്കും പിണക്കങ്ങൾക്കും ഇടക്കും അടങ്ങിയിരിക്കുന്ന കരുതൽ നമുക്ക് കാണാനാവും. പ്രശ്നങ്ങളെ എല്ലാം ഒരു മേശക്ക് ചുറ്റും എത്തിക്കാനും , തെറ്റുകൾ തിരുത്താനും ഉള്ള മനസ്സ് എല്ലാവരും കാണിക്കുന്നുണ്ട്. റിക്കി ആശുപത്രിയിൽ കഴിയുമ്പോഴും സമയത്തിൻ്റേയും പിഴയുടെയും കണക്കു പറഞ്ഞു വിളിക്കുന്ന സൂപ്പർവൈസറോട് അബ്ബി കയർക്കുന്ന രംഗത്തിൽ ഇത് കൃത്യം ആയി വായിച്ചെടുക്കാനാവും. അസ്വസ്ഥതകൾ നിറഞ്ഞ ലോകവും അത് മുതൽ എടുക്കുന്ന തൊഴിലിടങ്ങളും നമുക്ക്  കാണാനാവും . മകനുമായുണ്ടാവുന്ന ഒരു പ്രശ്നത്തിൽ റിക്കി സെബ്ബിൻ്റെ ഫോൺ ബലമായി പിടിച്ചു വെക്കുമ്പോൾ , അതാണ് അവൻ്റെ ലോകമെന്നും അത് തിരിച്ചുകൊടുക്കണം എന്നും പറയുന്ന അബ്ബിയുടെ ജനാതിപത്യബോധം നമുക്ക് പഠിക്കേണ്ടതുണ്ട്. ഈ അസ്വസ്ഥതകളോടും വ്യവസ്ഥിതിയോടും ഇടഞ്ഞു നിൽക്കുന്നു റിക്കിയുടെ കൗമാരക്കാരൻ മകൻ സെബ് . കണ്ണ് തുറക്കാത്ത ചെവി പൊത്തി ഇരിക്കുന്ന ലോകത്തിനോട് തൻ്റെ ചോദ്യങ്ങൾ ഗ്രാഫിറ്റികളിലൂടെ ഉറക്കെ ചോദിക്കുന്നുണ്ട് സെബ്. താൻ ഒരിക്കലും ഒരു സാധാരണക്കാരൻ്റെ കടയിൽ മോഷണം നടത്തില്ല എന്ന് പറയുന്ന സെബ് ഒരു രാഷ്ട്രീയം പറയുന്നുണ്ട് . പരസ്യങ്ങൾ കണ്ണിൽപൊടിയിട്ട് ആളുകളെ വഞ്ചിച്ചു ചരക്കുകൾ വിൽക്കുന്നതിൽ രോഷാകുലനായ സെബ് ഇതിനോടുള്ള തൻ്റെ പ്രതിഷേധം ആണ് പരസ്യ ബോർഡുകളിൽ തീർക്കുന്ന ഗ്രാഫിറ്റി ആയി പ്രകടിപ്പിക്കുന്നത് . പരസ്യങ്ങൾ ആണ് മുതലാളിത്തത്തിൻ്റെ കലാരൂപം എന്ന പ്രശസ്ത വാക്യം ഇതിനോട് കൂട്ടിവായിക്കേണ്ടതുണ്ട് . സെബ്ബിൻ്റെ കൂട്ടാളികൾ തങ്ങളെ ചോദ്യം ചെയ്യുന്ന പോലീസുകാരനോട് തിരിച്ചു ചോദിക്കുന്നത് തങ്ങൾക്ക് കുറച്ചു ചുവപ്പു പെയിൻറ് കിട്ടുമോ എന്നാണ് . തന്നെ നിയന്ത്രിക്കുന്ന ഈ യന്ത്രത്തെ അദൃശ്യമായി  ആരാണ് നിയന്ത്രിക്കുന്നത് എന്ന് സംശയം ചോദിക്കുന്ന മകൾ ലിസയോട് റിക്കി പറയുന്നത് അറിയില്ല , ഏതെങ്കിലും റോബോട്ട് ആയിരിക്കും എന്നാണ് . തൊഴിലിൽ മനുഷ്യനും മനുഷ്യത്വവും എത്രയേറെ അകന്നു പോയിരിക്കുന്നു എന്നത്  പേടിപെടുത്തുന്നു. മാറുന്ന തൊഴിലിടങ്ങളുടെയും തൊഴിൽ സ്വഭാവങ്ങളുടേയും ഇടക്ക് മറഞ്ഞിരിക്കുന്ന ചൂഷണം ഊന്നി പറഞ്ഞുകൊണ്ട് സംഘടിതരായ  തൊഴിലാളിവർഗ്ഗ പ്രസ്ഥാനത്തിൻ്റേയും  തൊഴിൽ അവകാശങ്ങളുടെയും ഇക്കാലത്തെ പ്രസക്തി ഈ ചിത്രം അടിവരയിടുന്നു . ജോലിക്കിടയിൽ റിക്കിയും ലിസയും ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്ന തങ്ങളുടെ സ്വകാര്യ  സമയത്തു പ്രതീക്ഷകൾ സംസാരിച്ചു സ്വപ്നം കാണുമ്പോൾ , രണ്ടു മിനുട്ട് ജോലിയിൽ നിന്ന് മാറി നിന്നാൽ ബീപ്പ് ചെയുന്ന ആ യന്ത്രത്തിൻ്റെ അനീതിയുടെ ശബ്ദം നമ്മുടെ  ചെവികളിൽ ഇടിമുഴക്കങ്ങളായി കേൾക്കേണ്ടതാണ്.

Comments

Popular posts from this blog

ഒരു പഴുത്ത പ്ലാവിലയുടെ കഥ.....

You.....Me....&...Him